മുൻ വർഷങ്ങളിലെ പോലെ ഇക്കൊല്ലവും ബാംഗ്ലൂർ വാരിയർ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി വർണ്ണം 2023 പൂർവ്വാധികം ഭംഗിയായി 10.09.2023 നു കഗ്ഗദാസ് പുരയിലുള്ള വി.കെ. കൺവെൻഷൻ സെന്ററിൽ വച്ചു നടത്തി. അതിരാവിലെ തന്നെ അംഗങ്ങൾ ഒത്തു ചേർത്ത് മനോഹരമായ ഒരു പൂക്കളമൊരുക്കി മാവേലി മന്നനെ എതിരേൽക്കാൻ തയ്യാറായി. 9.00 മണിയോടു കൂടി എത്തിയ മാവേലിയെ കരഘോഷങ്ങളോടെയും വാദ്യാകമ്പടികളോടെയും വരവേറ്റ് വേദിയിലെത്തിച്ചു. എല്ലാവരേയും അനുഗ്രഹിച്ച് മാവേലിയും നടന്നു നീങ്ങി.
സ്വാഗത പ്രസംഗം സമാജത്തിന്റെ അദ്ധ്യക്ഷൻ ശ്രീ മുരളിധരൻ വാരിയർ സി.വി. നടത്തി. സമാജം കഴിഞ്ഞ ഒരാണ്ട് നടപ്പിലാക്കിയ ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളെ കുറിച്ചും ഭാവിപ്രവർത്തനങ്ങളെ പറ്റിയും സമാജം സെക്രട്ടറി ശ്രീ ഗോപകുമാർ വിശദമായി വിവരണം നൽകി. വർണ്ണം2023 വളരെ ഭംഗിയായി നടത്താൻ സഹകരിച്ച എല്ലാവരേയും പ്രോഗ്രാം കൺവീനർ ശ്രീ ഹരീഷ് തന്റെ സംസാരത്തിൽ നന്ദി അറിയിച്ചു.
കഴിഞ്ഞ ഒരാണ്ടിനുള്ളിൽ നമ്മളെ വിട്ടു പിരിഞ്ഞ കുടുംബാംഗങ്ങളെ മൗന പ്രാർത്ഥനയിലൂടെ അനുസ്മരിച്ചു
ഭദ്രദീ
പം തെളിയച്ചതിനു ശേഷം ബാംഗ്ലൂരിലെ അറിയപ്പെടുന്ന അഷ്ടപദി ഗായകൻ ശ്രീമാൻ സോപാനഗീതം അവതരിപ്പിച്ചു. ഇടക്കയുടെ അകമ്പടിയോടുള്ള ഈ കലാവിരുന്ന് ഹൃദ്യവും കാതിനു ഇമ്പമേകുന്നതുമായിരുന്നു.
അതിനു ശേഷം സമാജത്തിലെ മങ്കമാർ ഉജ്ജലമായി അവതരിപ്പിച്ച കൈക്കൊട്ടിക്കളി കാഴ്ചക്കാർക്കു നയനാനന്ദമൃതം പകരുകയും ചെയ്തു. പ്രായഭേദമന്യേ കുടുംബാംഗങ്ങൾ ഒരുക്കിയ ഒട്ടേറെ കലാപരിപാടികൾ
ഈ ദിവസത്തെ ധന്യമാക്കി. പുതിയ തലമുറയുടെ അഭിനയ നൃത്ത പാടവങ്ങൾ കണ്ട് സദസ്സ് കോൾമയിർ കൊണ്ടു.
സമാജം അംഗങ്ങൾ പങ്കെടുത്ത വാരിയൻമാരുടെ പരമ്പരാഗത തൊഴിലായ മാലക്കെട്ടു മത്സരവും ഈ ആഘോഷത്തിന്റെ മാറ്റുകൂട്ടി.
പോയ അദ്ധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കുള്ള സ്കോളർഷിപ്പ് നൽകി. പ്രവർത്തന മികവ് കാണിച്ച സമാജത്തിന്റെ ഭാവി വാഗ്ദാനങ്ങളെ ആദരിച്ചു സമ്മാനങ്ങൾ നൽകി.
എഴുപതു വയസ്സ് പ്രായം കവിഞ്ഞ സമാജത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചതോടൊപ്പം ഓണാഘോഷത്തടനുബന്ധിച്ച് അരങ്ങേറിയ പല മത്സരങ്ങളുടേയും വിജയികൾക്കു പുരസ്കാരങ്ങൾ നൽകുകയും ചെയ്തു. നാടൻ ശൈലിയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.
വർണ്ണം 2023 നു തുടക്കം കുറിച്ച് സമാജത്തിന്റെ കെട്ടിടത്തിൽ വച്ച് ആഗസ്റ്റ് 20 ന് പല പല മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിലെ വിജയികൾക്കും വർണ്ണം 2023 നു നടന്ന കലാവിരുന്നിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി. രാത്രി 7.30 നു വർണ്ണം 2023 നു തിരശ്ശീല വീണു.
നന്ദകുമാർ വാരിയർ
Comments